ഒരു അമ്മയോട് മകന്‍ ചെയ്തത് . ഡോക്ടര്‍ ഷിനുവിന്റെ ഹൃദയഹാരിയായ കുറിപ്പ് വായിച്ചിരിക്കണം...............


ഞാന്‍ അവരുടെ മകന്‍ അല്ല..എന്നെ വിളിക്കണ്ട ?

നമ്മുടെ കൊച്ചു കേരളത്തിലെ ഒരു ജനറല്‍ ആശുപത്രി.

പതിവുപോലെ രാവിലെ റൗണ്ട്‌സ് ഒക്കെ കഴിഞ്ഞു. ഇന്ത്യന്‍ കോഫി ഹൊസ്സ് ഉണ്ട് ആശുപത്രിക്കുള്ളില്‍. അവിടുന്ന് ചൂട് ചായയും ഉള്ളിവടയും സര്‍ വാങ്ങി തന്നു . സര്‍ ഒരു ദിവസവും ആ പതിവു മുടക്കാറില്ല.
ഞാന്‍ ഹൊസ്സ് സര്‍ജന്‍സി ചെയ്തു തുടങ്ങിയിട്ടു കുറച്ചു ദിവസമായതെയുള്ളു.
ജനറല്‍ ആശുപത്രിയും തിരക്കേറിയ തിരുവനന്തപുരം നഗരവും എനിക്ക് സുപരിചിതമായി വരുന്നതെയുള്ളു.

ചായ കുടിച്ചു കഴിഞ്ഞപ്പോള്‍ സര്‍ പറഞ്ഞു''ഷിനു , 9ാം വാര്‍ഡ് വരെ ഒന്നു പോകണം. ഇന്ന് നമുക്കു ഒരു രോഗിയുണ്ടവിടെ. ഞാന്‍ ഇറങ്ങുവാണ്. ഒന്ന് റൗണ്ടസ് എടുത്തേക്കു..''
''Ok സാര്‍''

ആദ്യമായി ഞാന്‍ 9 ാം വാര്‍ഡിലേക്ക്.
ആദ്യം ഒന്നും മനസിലായില്ല. കേസ് ഷീറ്റൊക്കെ സിസ്റ്റര്‍ എടുത്തു തന്നു. അപ്പോഴാണ് സിസ്റ്റര്‍ ചോദിക്കുന്നത്'' ഡോക്ടര്‍ പുതിയ ഹൊസ്സ് സര്‍ജെന്‍ ആണോ? അല്ല ഇതുവരെ കണ്ടിട്ടില്ല അതുകൊണ്ടാണ് ചോദിച്ചത്..''
''അതെ സിസ്റ്റര്‍,ഞാന്‍ ആദ്യമായിട്ടാണ് ഇങ്ങോട്ടു വരുന്നത്. ജോയിന്‍ ചെയ്തിട്ട് കുറച്ചു ദിവസം ആയി''
''ഒന്നുമില്ല, ഒരു ന്യൂ കേസാണ്. ഡോക്ടര്‍ ഒന്ന് നോക്ക്'' സിസ്റ്റര്‍ പറഞ്ഞു.

കേസ് ഷീറ്റ് എടുത്തു ഞാന്‍ വാര്‍ഡിലേക്ക്
പോകും മുന്‍പ് സിസ്റ്റര്‍ ''ഡോക്ടറെ ആരും ഇല്ലാത്തവര്‍ ആണ് കേട്ടോ ഈ വാര്‍ഡീല്‍''

മനസ്സില്‍ ഒരു 100 ചോദ്യങ്ങള്‍. എന്തോ എനിക്ക് ഒന്നും ചോദിക്കാന്‍ തോന്നിയില്ല. പോയി നോക്കാം എന്ന് വിചാരിച്ചു..
വരാന്തയിലൂടെ വാര്‍ഡിലേക്ക്.
ആദ്യം പുരുഷന്മാരുടെ വാര്‍ഡ് വരെ ഒന്ന് വെറുതെ പോയി.കുറെ രോഗികള്‍.മുറിവ് പഴുത്തു വന്നവര്‍,ചിലര്‍ പ്രഷര്‍ കൂടുതലായി വന്നവര്‍,കൈകാലുകള്‍ ഒടിവ് പറ്റിയവര്‍.

അങ്ങനെ എത്രയോ രോഗികള്‍. പക്ഷെ ഇവര്‍ക്കൊക്കെ പൊതുവായി ഒരു കാര്യമുണ്ടായിരുന്നു. എല്ലാവരുമുണ്ടായിട്ടും ആരുമില്ലാതെയായവര്‍...അനാഥരായവര്‍....
പിന്നീട് സ്ത്രീകളുടെ വാര്‍ഡിലേക്ക് പോയി.
അവിടെയാണ് എനിക്ക് കാണേണ്ട രോഗിയുള്ളത്. ഇവിടെയുമുണ്ട് കുറെ സ്ത്രീകള്‍.

ഒരു 61 വയസ്സുള്ള അമ്മ. പക്ഷെ കണ്ടാല്‍ 70 വയസ്സ് തോന്നും.
''അംബിക അല്ലെ''(അംബിക എന്ന് വിളിക്കാം)
''അതെ''
''അമ്മയ്ക്കു എന്ത് പറ്റി''
''ഒരു വയറു വേദന മോളെ. സഹിക്കാന്‍ പറ്റുന്നില്ല.''
പരിശോധിച്ചു തുടങ്ങി. വയറില്‍ തൊടുമ്പോള്‍ വേദന ഉണ്ട്. പൊടിപിടിച്ചു കീറിപോകാറായ ഒരു സ്‌കാന്‍ റിപ്പോര്‍ട്ട് കാണിച്ചു. അതില്‍ കുഴപ്പമൊന്നുമില്ല. പരിശോധനയോക്കെ കഴിഞ്ഞു ഞാന്‍ കേസ് ഷീറ്റ് എഴുതുകയാണ്.

അമ്മ സംസാരം തുടര്‍ന്നുകൊണ്ടേയിരുന്നു..
''മോളുടെ നാട് എവിടെ??''
''എരുമേലി ആണ്. എന്താ അമ്മെ??''
''വെറുതെ ചോദിച്ചതാ മോളെ. എന്റെ വീടിനു അടുത്തെങ്ങാണുമാണെങ്കിലോ എന്ന് കരുതി''
''അതെന്താ??''ഞാന്‍ ചോദിച്ചു.
''എന്റെ മോനെ അറിയാമെങ്കിലോ എന്ന് കരുതി. വീട്ടില്‍ മോനുണ്ട്,മരുമോളുണ്ട്,കൊച്ചുമ കനുണ്ട്. ഭര്‍ത്താവു മരിച്ചുപോയി. ക്യാന്‍സറായിരുന്നു.

എന്നും മകനെന്നെ വഴക്കു പറയുമായിരുന്നു. ഞാന്‍ അവര്‍ക്കൊരു ഭാരമാണെന്നു പോലും. കൊച്ചുമകനെ സ്‌നേഹിച്ചു കൊതിത്തീര്‍ന്നിട്ടില്ല. പക്ഷെ മോന്റെയും മരുമോളുടേയും സംസാരം കേള്‍ക്കുമ്പോള്‍ സഹിക്കാന്‍ പറ്റുന്നില്ല. എനിക്ക് ആരുമില്ലായെന്ന് തോന്നി തുടങ്ങി. സഹിക്കാതെ വന്നപ്പോള്‍ ഞാന്‍ ഇറങ്ങിപോന്നു. അവര്‍ തടഞ്ഞില്ല. എനിക്ക് കുറച്ചു മറവി ഉണ്ട് മോളെ.

വയസ്സായില്ലേ. അവര്‍ ഇന്നേവരെ എന്നെ അന്വേഷിച്ചു വന്നിട്ടില്ല. ഞാനിവിടെ ഉണ്ടെന്നു അറിഞ്ഞാല്‍ ഓടി വന്നു കൊണ്ടുപോകും മോളെ. എത്രയായാലും ഞാന്‍ അവന്റെ അമ്മയല്ലേ.മോള്‍ ഒരു സഹായം ചെയ്യുമോ?? ഇതാണ് അവന്റെ ഫോണ്‍ നമ്പര്‍..''

അരക്കെട്ടില്‍ കുറച്ചു കടലാസുകള്‍ക്കിടയില്‍ നിന്നും ഒരു തുണ്ടു പേപ്പര്‍ എടുത്തു തന്നു.

ആ അമ്മയുടെ ആഗ്രഹമല്ലേ.ഞാന്‍ നിരസിച്ചില്ല. ആ പേപ്പര്‍ വാങ്ങി.
''ശെരിയമ്മ,ഞാന്‍ ഇഞ്ചക്ഷന്‍ ഒക്കെ എഴുതിയിട്ടുണ്ട്. കുറവില്ലേല്‍ നമുക്കു ടെസ്റ്റുകള്‍ ഒക്കെ ചെയ്തുനോക്കാം.ഞാന്‍ നാളെ വരാം..''

എന്റെ മനസ്സ് നിറയെ ചോദ്യമാണ്.ആ അമ്മയും മകനും ..എന്ത് പറ്റിയതാണ് അവര്‍ക്കിടയില്‍..ആരുടെ തെറ്റാണു??. ആ അമ്മ മാത്രമല്ല ..എത്രയോ പേരുണ്ട് ആ വാര്‍ഡില്‍??അവരൊക്കെ എങ്ങനെ ഒറ്റയ്ക്കായി??

വൈകിട്ട് ഞാന്‍ ആ നമ്പരില്‍ വിളിച്ചു കിട്ടി.
ഞാന്‍ അയാളോട് കാര്യം പറഞ്ഞു. ഇതായിരുന്നു ആ മകന്റെ മറുപടി ''ഞാന്‍ അവരുടെ മകന്‍ അല്ല.എന്നെ വിളിക്കണ്ട. എനിക്ക് അവരെ കാണണ്ട.ഡോക്ടര്‍ ഇനി എന്നെ വിളിക്കരുത്.എനിക്ക് നൂറുകൂട്ടം പ്രാരാബ്ദം ഉണ്ട്. എന്നാ ശെരി''

ഒന്നും പറയുന്നതിന് മുന്നേ ആ മകന്‍ ഫോണ്‍ കട്ട് ചെയ്തു..
പിന്നെയും ഞാന്‍ വിളിച്ചു..ഫോണ്‍ എടുക്കുന്നില്ല...
പിറ്റേദിവസം സര്‍ കൂടെ വന്നു. റൗണ്ട്‌സ് എടുത്തു..ഒടുവില്‍ 9 വാര്‍ഡ് പോയി ആ അമ്മയെ കണ്ടു..സാര്‍ ഉള്ളതു കൊണ്ട് ആ അമ്മയൊന്നും ചോദിച്ചില്ല. ഞാന്‍ ഒന്നും പറഞ്ഞതുമില്ല...
അങ്ങനെ കുറച്ചു ദിവസം കഴിഞ്ഞു പോയി..

ആ അമ്മ എത്ര പ്രതീക്ഷയിലായിരിക്കും??
ഒരു ദിവസം വീണ്ടും ഞാന്‍ ഒറ്റയ്ക്കു റൗണ്ട്‌സ് എടുക്കേണ്ടിവന്നു..
ആ അമ്മ രോഗത്തെപറ്റി ചോദിക്കാന്‍ മറന്നു..
''മോളെ എന്റെ മോന്‍ എന്ത് പറഞ്ഞു??''
ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പ്രതീക്ഷകള്‍ ഞാന്‍ തകര്‍ത്തില്ല.തകര്‍ക്കുവാന്‍ തോന്നിയില്ല.

''വിളിച്ചിട്ട് കിട്ടിയില്ല അമ്മേ..ഞാന്‍ ഒന്നുകൂടി നോക്കട്ടെ...'
ആ അമ്മയുടെ മുഖമാകെ നിരാശപടര്‍ന്നു. പ്രതീക്ഷയുടെ ഒരു നിഴല്‍ പോലും ആ മുഖത്ത് ഞാന്‍ കണ്ടില്ല.
''അമ്മ വിഷമിക്കണ്ട.ഞാന്‍ നോക്കട്ടെ.ചായ ഒക്കെ കുടിചില്ലേ??മരുന്ന് കഴിച്ചില്ലേ??''
''ഉവ്വ്''

അങ്ങനെ കുറച്ചു ദിവസം കടന്നു പോയി.ആ അമ്മ പിന്നീട് എന്നോട് ഒന്നും ചോദിച്ചില്ല..
ഒരുപക്ഷേ ആ അമ്മയ്ക്കു മനസ്സിലായിട്ടുണ്ടാവാം..പാഴ് സ്വപ്നമാണെന്ന്....അറിയില്ല.

അങ്ങനെ ഒരു ദിവസം റൗണ്ട്‌സ് പോകുമ്പോള്‍ സര്‍ പറഞ്ഞു ''ഇന്ന് നമുക്കു 9 വാര്‍ഡില്‍ പോകണ്ട ഷിനു.ആ രോഗി പെട്ടെന്നു മരിച്ചു.''
അതെ. മകനെയും,കൊച്ചുമകനെയും ഒരു നോക്ക് കാണാതെ ആ അമ്മ യാത്രയായി.

ആ അമ്മയുടെ ഒരു ചെറിയ ആഗ്രഹം പോലും നിറവേറിയില്ല.
ഇതൊരു അമ്മയുടെ മാത്രം കഥ. പക്ഷെ അവിടെ അങ്ങനെ ഒരുപാടു അമ്മമാരും അച്ചന്മാരുമുണ്ട്. ഇതു കൂടാതെ കേരളത്തില്‍ കുറെ വൃദ്ധസദനങ്ങളും..
നമ്മളും കുട്ടികളായിരിക്കുമ്പോള്‍ കുസൃതി കാണിച്ചിരുന്നു. അമ്മയെ ദേഷ്യം പിടിപ്പിച്ചിരുന്നു. പക്ഷെ ഒരിക്കലും അമ്മ നമ്മളെ വീട്ടില്‍നിന്നും ഇറക്കിവിട്ടിട്ടില്ല. ശാസിച്ചാലും കരയുമ്പോള്‍ മാറോടു ചേര്‍ത്ത് പിടിച്ചിട്ടേയുള്ളൂ..

ആ അമ്മയ്ക്കും പ്രാരാബ്ധങ്ങള്‍ ഉണ്ടായിരുന്നു. എന്നിട്ടും കഴിയുന്നതുപോലെ മക്കളെയൊക്കെ പൊന്നു പോലെ അവര്‍ നോക്കിവളര്‍ത്തി.
പക്ഷെ ഇതുപോലെ അമ്മയ്ക്കും അച്ഛനും ആരുമില്ലാതെയാകുന്നതിനു ആരാണ് ഉത്തരവാദി??

Comments